prabodhanam Kerala, India
പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന മൗലിക പ്രാധാന്യമുള്ള ഒന്നാണ് ‘യുദ്ധഭൂമി’ (ദാറുല്‍ ഹര്‍ബ്). ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ. ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണീ ഉദ്യമത്തിനു മുതിരുന്നത്.
നിയമത്തിന്റെ പ്രമാണങ്ങളും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും വസ്തുതാപരമായി വായിക്കുന്ന പക്ഷം, ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാമിക രാഷ്ട്രം), ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) എന്നീ സാങ്കേതിക പദങ്ങള്‍ ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ വന്നിട്ടില്ലെന്ന് ബോധ്യപ്പെടും. സവിശേഷമായ ചരിത്ര സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങളാല്‍ ഇസ്‌ലാമിന്റെ യൗവനദശയില്‍ രൂപംകൊണ്ട സാങ്കേതിക പ്രയോഗങ്ങളാണ് ദാറുല്‍ ഇസ്‌ലാം, ദാറുല്‍ ഹര്‍ബ് എന്നിവ. വിശാല ഇസ്‌ലാമിക സാമ്രാജ്യത്തെയും നാഗരികതയെയും മറ്റു സാമ്രാജ്യങ്ങളില്‍നിന്നും നാഗരികതകളില്‍നിന്നും വേര്‍തിരിക്കുന്നതിനു മാത്രമാണ് ഈ പ്രയോഗങ്ങള്‍ രൂപപ്പെട്ടത്. മാത്രമല്ല ആ കാലത്തെ രാഷ്ട്രീയ നയങ്ങളും നിയമങ്ങളും യുദ്ധബന്ധിതമായി ആവിഷ്‌കരിക്കപ്പെട്ടതായിരുന്നുവെന്നതു നാം വിസ്മരിക്കരുത്. പ്രവാചക ജീവിതത്തെയും ഇസ്‌ലാമിക നിയമത്തെയും വ്യാഖ്യാനിച്ച ആ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ മേല്‍സൂചിത സങ്കേതികപദങ്ങള്‍ ആവിഷ്‌കരിച്ചത് സ്വാഭാവികമായ പ്രക്രിയ മാത്രമാണെന്നാണ് എന്റെ പക്ഷം.
എന്നാല്‍ ലോകം നാഗരികവും രാഷ്ട്രീയവുമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മനുഷ്യമനസ്സുകളെ ഈ സാങ്കേതിക ശബ്ദങ്ങള്‍ വലിയ നിലയില്‍ സ്വാധീനിച്ചിരിക്കുന്നു എന്നതും, ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ രൂപപ്പെട്ട ഇത്തരം പ്രയോഗങ്ങള്‍ ദൈവനിയമം പോലെ ഇന്നും നിലനില്‍ക്കുന്നു എന്നതും ഏറെ വിചിത്രം തന്നെ! ദൈവനിയമങ്ങള്‍ അനശ്വരമാണ്, സമഗ്രവും ഉന്നതവുമാണ്. എന്നാല്‍ സാങ്കേതിക പ്രയോഗങ്ങള്‍ തികച്ചും മനുഷ്യനിര്‍മിതവും ചരിത്രസാഹചര്യങ്ങളാല്‍ രൂപപ്പെട്ടതുമാണ്. ചില ചരിത്ര സന്ദര്‍ഭങ്ങളില്‍, അക്കാലത്തെ പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച ഇത്തരം പ്രയോഗങ്ങള്‍ കാലവും സാഹചര്യവും മാറുന്ന മുറക്ക് മാറ്റപ്പെടേണ്ടതാണ്. ഈ സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച നിര്‍വചനങ്ങളിലെ വൈവിധ്യം തന്നെ ഇത് കേവലമായ രാഷ്ട്രീയ സംജ്ഞകളാണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.
‘ദാറുല്‍ ഇസ്‌ലാമി’നെ കുറിച്ചുതന്നെ പണ്ഡിതന്മാര്‍ വ്യത്യസ്ത തട്ടുകളിലാണുള്ളത്. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് മേല്‍കൈയുള്ള ഭൂപ്രദേശമാണ് ദാറുല്‍ ഇസ്‌ലാം എന്നൊരുപക്ഷം.(1) അവിശ്വാസികള്‍ ഭരിക്കുന്ന നാടുകളാണെങ്കിലും ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ പൂര്‍ണമോ ഭാഗികമോ ആയി നിലനില്‍ക്കുന്ന നാടുകളും ദാറുല്‍ ഇസ്‌ലാമായി ഗണിക്കപ്പെടുന്നുണ്ട്.(2) മുസ്‌ലിംകള്‍ക്ക് നിര്‍ഭയത്വവും സുരക്ഷിതത്വവും ഉള്ളതും ഇസ്‌ലാമിക ഭൂപ്രദേശങ്ങളോട് അതിര്‍ത്തി പങ്കിടുന്നതുമായ നാടുകളും ദാറുല്‍ ഇസ്‌ലാമാണ്.(3)
ഇപ്രകാരം ‘ദാറുല്‍ ഹര്‍ബി’നെ കുറിച്ചും അഭിപ്രായ വൈവിധ്യങ്ങളുണ്ട്. അനിസ്‌ലാമിക നിയമങ്ങള്‍ക്ക് മേല്‍കൈയുള്ള നാടുകളും മുസ്‌ലിംകളുടെ ഭരണത്തില്‍ അവര്‍ക്കും അല്ലാത്തവര്‍ക്കും ജീവന്റെ സുരക്ഷിതത്വം പോലും ഇല്ലാത്ത നാടുകളും അനിസ്‌ലാമിക രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭൂപ്രദേശങ്ങളുമൊക്കെ ദാറുല്‍ ഹര്‍ബായി മനസ്സിലാക്കപ്പെടുന്നുണ്ട്.(4) യുക്തിപരമായ മാനദണ്ഡങ്ങള്‍ വെച്ച് ചിന്തിച്ചാല്‍ ഇവയെല്ലാം ഭിന്നവിരുദ്ധങ്ങളായ കാഴ്ചപ്പാടുകളാണ്. മാത്രമല്ല സംഭവലോകവുമായി വിദൂര ബന്ധം പോലും ഈ സംജ്ഞകള്‍ക്കില്ലെന്നും മനസ്സിലാകും. ഇതിലൊരു വീക്ഷണമനുസരിച്ച് മുസ്‌ലിം ജനസാമാന്യം അധിവസിക്കുന്ന ഭൂപ്രദേശങ്ങളൊന്നാകെ ദാറുല്‍ ഇസ്‌ലാം എന്ന പദവിയില്‍നിന്ന് പുറത്താക്കപ്പെടും. മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമുള്ള നാടുകള്‍, ഇസ്‌ലാമിക ചിഹ്നങ്ങള്‍ നിലനില്‍ക്കുന്ന നാടുകള്‍ എല്ലാം ദാറുല്‍ ഇസ്‌ലാമാണെന്ന വീക്ഷണം നാം പിന്തുടരുകയാണെങ്കില്‍, മിക്ക അറബ്-മുസ്‌ലിം നാടുകളേക്കാളും ദാറുല്‍ ഇസ്‌ലാമാകാന്‍ യോഗ്യതയും അര്‍ഹതയും പല യൂറോപ്യന്‍ നാടുകള്‍ക്കുണ്ടെന്നും വരും! പൗരാണികമായ ഭൂമിശാസ്ത്ര പരിഗണനകളും യുദ്ധരാഷ്ട്രീയ സാഹചര്യങ്ങളും വെച്ചുള്ള അതിര്‍ത്തി നിര്‍ണയങ്ങള്‍ക്കും ഇന്നൊരു പ്രസക്തിയുമില്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്റര്‍നെറ്റ്, വേഗതയേറിയ യാത്രാ സൗകര്യങ്ങള്‍ എന്നിവ ഇത്തരം കാഴ്ചപ്പാടുകളെ കാലഹരണപ്പെടുത്തിയിരിക്കുന്നു.
ദാറുല്‍ ഹര്‍ബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടുകളില്‍ മുസ്‌ലിംകള്‍ താമസിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ തെളിവായി സമര്‍പ്പിക്കുന്നത് ‘ഹിജ്‌റ’ (ദേശം വെടിയല്‍) നിര്‍ബന്ധമാക്കുന്നതും, ‘അല്‍ മഖാമു ബൈനല്‍ മുശ്‌രികീന്‍’ (ബഹുദൈവാരാധകര്‍ക്കിടയില്‍ ജീവിക്കുന്നത്) തടയുന്നതുമായ നബി വചനങ്ങളാണ്.(5)
عن معاوية قال : سمعت رسول الله صلى الله عليه وسلم يقول: لاتنقطع الهجرة حتى تنقطع التوبة، ولا تنقطع التوبة حتى تطلع الشمس من مغربها
(മുആവിയയില്‍നിന്ന് നിവേദനം. നബി പറഞ്ഞു: ‘തൗബ അവസാനിക്കുവോളം ഹിജ്‌റ അവസാനിക്കുകയില്ല. സൂര്യന്‍ പടിഞ്ഞാറുദിക്കുന്നതുവരെ തൗബയുടെ അവസരം അവസാനിക്കുകയുമില്ല’).(6)
عن عبد الله السعدي أن رسول الله صلى الله عليه وسلم قال : لا تنقطع الهجرة ما قوتل الكفار –
ഈ ഹദീസ്, ‘കുഴപ്പം ആശങ്കിക്കാത്തവര്‍ക്ക് അനിസ്‌ലാമിക നാടുകളില്‍ താമസിക്കുന്നതില്‍ ഇളവുണ്ട്’ എന്ന അധ്യായത്തിലാണ് ബൈഹഖി ചേര്‍ത്തിട്ടുള്ളത്. അതിപ്രകാരമാണ്: لا تنقطع الهجرة ما دام العدو يقاتل (ശത്രു യുദ്ധം ചെയ്യുവോളം ഹിജ്‌റ നിലക്കുന്നില്ല).(8)
عن جرير بن عبد الله أن رسول الله صلى الله عليه وسلم قال: ” أنا بريء من كل مسلم يقيم بين أظهر المشركين
(ജരീറുബ്‌നു അബ്ദില്ലയില്‍നിന്ന് നിവേദനം: നബി പറഞ്ഞു: ‘മുശ്‌രിക്കുകള്‍ക്കിടയില്‍ താമസിക്കുന്ന എല്ലാ മുസ്‌ലിമില്‍നിന്നും ഞാന്‍ ഒഴിവാണ്’).(9)
عن سمرة بن جندب عن النبي صلى الله عليه وسلم فإنه قال : ” لا تساكنوا المشركين ولا تجامعهم ، فمن ساكنهم و جامعهم فهو مثلهم
(സമുറതുബ്‌നു ജുന്ദുബില്‍നിന്ന് നിവേദനം. നബി പറഞ്ഞു: ‘നിങ്ങള്‍ മുശ്‌രിക്കുകളോടൊപ്പം താമസിക്കുകയും അവരോട് ഇടകലരുകയും അരുത്. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവന്‍ അവരോടൊപ്പമാണ്’).(10)
എന്നാല്‍ ദാറുല്‍ ഹര്‍ബില്‍ താമസിക്കുന്നത് അനുവദിക്കുന്നവര്‍ തെളിവായി സ്വീകരിക്കുന്നത് ഇബ്‌നു അബ്ബാസില്‍നിന്ന് ബുഖാരി നിവേദനം ചെയ്യുന്ന ഈ ഹദീസാണ്. മക്കാ വിജയവേളയില്‍ നബി പറഞ്ഞു:
لا هجرة ، ولكن جهاد ونية ، و إذا استنفرتم فانفروا (ഹിജ്‌റയില്ല. എന്നാല്‍ നിയ്യത്തും ജിഹാദും ഉണ്ട്. നിങ്ങള്‍ ആട്ടിയോടിക്കപ്പെട്ടാല്‍ ഓടിപ്പോകുക).(11)
മക്കാ വിജയത്തിനു മുമ്പ് ഇബ്‌നു അബ്ബാസിനെ പോലുള്ള മുസ്‌ലിംകള്‍ക്ക് അവിടെ തങ്ങാന്‍ നബി അനുവാദം നല്‍കിയിരുന്നതും അതിനു മുമ്പ് അമുസ്‌ലിംകള്‍ ഭരിക്കുന്ന എത്യോപ്യയിലേക്ക് പലായനം ചെയ്യാന്‍ ചിലര്‍ക്ക് അവിടുന്ന് അനുവാദം നല്‍കിയതും ഇസ്‌ലാം സ്വീകരണത്തിനു ശേഷം നേഗസ് രാജാവിന് അവിടെത്തന്നെ താമസിക്കാന്‍ നബി (സ) അനുവാദം നല്‍കിയതും അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കരിച്ചതും അമുസ്‌ലിം നാടുകളില്‍ മുസ്‌ലിംകള്‍ താമസിക്കുന്നത് മതപരമായി തെറ്റല്ല എന്നതിന് ഇവര്‍ തെളിവായി സ്വീകരിക്കുന്നു. ഉബൈദുബ്‌നു ഉമൈര്‍ ഹിജ്‌റയെ കുറിച്ച് ആഇശ(റ)യോട് വിധി ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്: لاهجرة اليوم، إنما الهجرة كانت إلى الله ورسوله، وكان المؤمنون يفرون بدينهم إلى الله ورسوله من أن يفتنوا …….. فقد أفضى الله الإسلام ، فحيثما شاء رجل عبد ربه، ولكن جهاد ونية
(‘ഇന്ന് ഹിജ്‌റയില്ല. ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. സത്യവിശ്വാസികള്‍ പീഡനങ്ങള്‍ സഹിക്കാനാവാതെ വന്നപ്പോള്‍ തങ്ങളുടെ മതവുമായി അല്ലാഹുവിലേക്കും റസൂലിലേക്കും പലായനം ചെയ്യുകയായിരുന്നു. അല്ലാഹു ഇസ്‌ലാമിന് വിജയം നല്‍കിയിരിക്കുന്നു. ആര്‍ക്കും അവന്‍ ആഗ്രഹിക്കുന്ന പക്ഷം ദൈവത്തിനു വഴിപ്പെട്ട് ജീവിക്കാവുന്നതാണ്. അതിനാല്‍ ജിഹാദും നിയ്യത്തുമാണ് താങ്കള്‍ക്ക് വേണ്ടത്).(12)
മേലുദ്ധരിക്കപ്പെട്ട ഹദീസുകള്‍ നമുക്ക് പരിശോധിക്കാം. മുആവിയയുടെ ഹദീസിനെ കുറിച്ച് അല്‍ ഖത്വാബി പറയുന്നത് ഇപ്രകാരമാണ്: ”ഇതിന്റെ നിവേദക പരമ്പരയെ കുറിച്ച് അല്‍പം വിശദീകരിക്കേണ്ടതുണ്ട്. അതില്‍ അബൂ ഹിന്ദില്‍ ബിജ്‌ലി, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് എന്നിവര്‍ ‘മജ്ഹൂലുകള്‍’ ആണ്. അതായത് ഒന്നിലധികം ആളുകള്‍ അവരില്‍നിന്നും ഹദീസുകള്‍ രിവായത്ത് ചെയ്തിട്ടില്ല. ഈ കാരണം കൊണ്ട് ഈ ഹദീസ് ദുര്‍ബലവും തെളിവിന് പറ്റാത്തതുമാണ്.”(13) ജരീറിന്റെ ഹദീസിനും പ്രശ്‌നങ്ങളുണ്ട്. നിവേദക പരമ്പരയുടെ അവസാനത്തില്‍ സ്വഹാബിയില്ലാത്ത ഇനമായ ‘മുര്‍സലായ’ ഹദീസാണോ അല്ലേ ഇത് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സനദില്‍ സ്വഹാബി വരുന്ന വിധം മൗസൂലായ നിലക്ക് ത്വബറാനി ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ടെങ്കിലും ബുഖാരി, തിര്‍മിദി, അബൂദാവൂദ് എന്നിവര്‍ ഈ ഹദീസ് മുര്‍സലാണെന്ന് സ്ഥാപിക്കുന്നുണ്ട്. സമുറത്ത് ബ്‌നു ജുന്ദുബില്‍നിന്നുള്ള ഹദീസിന്റെ സനദില്‍ യഹ്‌യബ്‌നു മുഈന്‍ എന്നയാളുണ്ട്. ഇയാളാകട്ടെ കളവു പറയുന്നവനും ഹദീസ് വ്യാജമായി ഉണ്ടാക്കുന്നവനുമാണ്. ദാറഖുത്വ്‌നി ഈ ഹദീസ് മുന്‍കറാണെന്ന് (പ്രബലമല്ലാത്തത്) പറയുന്നു.
ജരീറില്‍നിന്ന് വന്നിട്ടുള്ള ‘മുശ്‌രിക്കുകള്‍ക്കിടയില്‍ താമസിക്കുന്ന എല്ലാ മുസ്‌ലിമില്‍നിന്ന് ഞാന്‍ ഒഴിവാണ്’ എന്ന ഹദീസ് മാത്രമാണ് ദാറുല്‍ ഹര്‍ബില്‍ താമസിക്കുനതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഏക തെളിവ്. ഈ ഹദീസ് സ്വഹീഹാണെന്ന് അംഗീകരിച്ചാല്‍ തന്നെ ഈ വിധിയുടെ സാഹചര്യം മറ്റൊന്നാണ്. ഇമാം തിര്‍മിദി പ്രസ്താവിക്കുന്നു: ”പ്രവാചകന്‍ ഖസ്അമിലേക്ക് ഒരു സംഘത്തെ അയച്ചു. നമസ്‌കാരത്തിലായിരിക്കെ അവിടത്തുകാര്‍ അവരെ വധിക്കാന്‍ തുടങ്ങി. അപ്പോഴാണ് നബി ഇത് പറഞ്ഞത്. മുസ്‌ലിംകളുമായി യുദ്ധം നിലനില്‍ക്കുന്ന നാടുകളില്‍ യുദ്ധം നടക്കുമ്പോള്‍ താമസിക്കുന്നതിനെ ഇതു വിലക്കുന്നത് അപകടസാധ്യത കണക്കിലെടുത്താണ്. ഇവിടെ ‘ബറാഅത്ത്’ (ഒഴിവാകല്‍) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് യുദ്ധം നടക്കുന്ന നാടുകളില്‍ താമസിക്കരുതെന്ന പൊതുവിധി മാനിക്കാത്തവര്‍ക്കു വേണ്ടി മുസ്‌ലിംകള്‍ നിലകൊള്ളരുതെന്ന് മാത്രമാണ്. അല്ലാതെ നിരുപാധികവും പൂര്‍ണവുമായ ഒഴിവാകല്‍-ബറാഅത്ത്-അല്ല.
എത്യോപ്യയിലേക്കുള്ള പലായനം, മക്കാ വിജയത്തിനു മുമ്പ് മുസ്‌ലിംകളില്‍ ചിലര്‍ക്ക് അവിടെ താമസിക്കാന്‍ നബി അനുവാദം നല്‍കിയത് കേവലം ഇളവാണെന്ന് വാദിക്കുന്നവര്‍, അതിനു ശേഷം വന്ന നിയമങ്ങള്‍ ഈ ഇളവിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് വാദിക്കുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ഈ ഇളവ് അവര്‍ക്ക് ലഭിച്ചത് മുസ്‌ലിംകള്‍ ദുര്‍ബലരും പീഡിതരുമായിരുന്നു എന്നത് പരിഗണിച്ചാണത്രെ. എന്നാല്‍ ഈ ഇളവനുവദിക്കുന്ന വിധി ദുര്‍ബലമാണെന്ന് വാദിക്കുന്നവര്‍ യാതൊരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല സംസാരിക്കുന്നത്. നേരത്തേ വിവരിച്ചതുപോലെ ഈ വിധിയെ ദുര്‍ബലമാക്കുന്ന പ്രാമാണികമായ ഒരു തെളിവും ഇല്ല. മാത്രമല്ല ചില രാജ്യങ്ങളിലെ മുസ്‌ലിം ജനതയുടെ അവസ്ഥ ദുര്‍ബലതയുടെയും പീഡനത്തിന്റെയും കാര്യത്തില്‍ എതേ്യാപ്യയിലേക്ക് ഹിജ്‌റ പോയവരുടേതിനു സമാനവുമാണ്. അവര്‍ക്ക് അബ്‌സീനിയന്‍ മുഹാജിറുകളില്‍ മാതൃകയുണ്ട്.
കുറിപ്പുകള്‍:
1. شمس الدين محمد بن أبي بكر بن القيم الجوزية ، أحكام أهل الذمة
2. محمد عرفة الدسوقي، حاشية الدسوقي على الشرح الكبير
3. محمد أمين بن عمر بن عابدين، رد المحتار على در المحتار
4. شريفة بنت سالم بن علي آل سعود ، فقه الجاليات الإسلامية في المعاملات المالية والعادات الإجتماعية (ص:46)
5. Ibid: Page: 54
6. سنن أبي داوود، كتاب الجهاد، باب “في الهجرة هل انقطعت؟ “
7. سنن السائي ، كتاب السير ، باب الرخصة في الإقامة بدار الشرك لمن لا يخاف الفتنة
8. سنن الترمذي ، في كتاب السير ، باب “ما جاء في كراهية المقام بين أظهر المشركين “
9. البيهقي، السنن الكبرى ، كتاب السير ، باب ” الرخصة في الإقامة بدار الشرك لمن لا يخاف الفتنة “
10. Ibid
11. صحيح البخاري، كتاب الجهاد والسير، باب لا هجرة بعد الفتح
12. Ibid
13. فقه الجاليات الإسلامية في المعاملات المالية والعادات الإجتماعية (ص:56)
14. سنن الترمذي ، في كتاب السير ، باب “ما جاء في كراهية المقام بين أظهر المشركين “
15. تفسير القرطبي ، ” سورة الممتحنة ” ج 18 ، ص 63.